Kerala
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സംഘപരിവാറിനു മുമ്പില്‍ വിനീത വിധേയരായി മാറുന്നത് പ്രതിഷേധാര്‍ഹമെന്ന് കെഎസ്യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യര്‍. വിഷയത്തില്‍ എസ്എഫ്ഐ, സംസ്ഥാന സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സമരം ചെയ്യാന്‍ തയാറാകുമോയെന്നും അദ്ദേഹംചോദിച്ചു.
സിപിഐ അടക്കമുള്ള സ്വന്തം മുന്നണിയിലെ പാര്‍ട്ടികളുടെ എതിര്‍പ്പിനെ മറികടന്നുള്ള ഇത്തരം തീരുമാനത്തിലൂടെ സംഘപരിവാറിനെ പ്രീതിപ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അലോഷ്യസ് സേവ്യര്‍ കുറ്റപ്പെടുത്തി.
കേന്ദ്രത്തിന്റെ ബ്രാന്‍ഡിംഗിന് വഴങ്ങുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ തീരുമാനം. അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാട്, കര്‍ണ്ണാടക അടക്കമുള്ള അയല്‍ സംസ്ഥാനങ്ങള്‍ സംഘപരിവാര്‍ ക്യാമ്പയ്ന് എതിര്‍പ്പ് പ്രകടിപ്പിച്ച് നിലകൊള്ളുമ്പോള്‍ കേരള സര്‍ക്കാര്‍ സംഘപരിവാറിനു മുമ്പില്‍ വിനീത വിധേയരായി മാറുന്നത് പ്രതിഷേധാര്‍ഹമാണെന്നും അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: അഭിനയം തനിക്ക് അനായസമായ ഒരു കാര്യമല്ലെന്ന് മോഹൻലാൽ. ഒരു കാഥാപാത്രത്തിൽനിന്നും മറ്റൊന്നിലേക്ക് മാറുന്പോൾ ദൈവമേ എന്ന് മനസിൽ വിളിച്ചുകൊണ്ട് മാത്രമേ ഇപ്പോഴും താൻ കാമറയ്ക്കു മുന്നിൽ എത്താറുള്ളു. എനിക്ക് ഇത് ചെയ്യാൻ സാധിക്കണമേ എന്ന പ്രാർഥന എപ്പോഴും ഉണ്ടാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദാദാസാഹേബ് ഫാൽക്കേ പുരസ്കാര നേട്ടത്തിന് സംസ്ഥാന സർക്കാർ നൽകിയ ആദരം ഏറ്റുവാങ്ങിയശേഷം സംസാരിക്കുകയായിരുന്നു മോഹൻലാൽ. കാണുന്നവർക്ക് താൻ അനായാസമായി അഭിനയിക്കുന്നുവെന്ന് തോന്നുന്നുണ്ടെങ്കിൽ അത് തനിക്ക് പോലും അറിയാത്ത ഇതുവരെ തിരിച്ചറിയാനാകാത്ത ഏതോ ശക്തിയുടെ അനുഗ്രഹം കൊണ്ടാണ് സാധിക്കുന്നതെന്നും മോഹൻലാൽ പറഞ്ഞു.
ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന നേട്ടമാണ് മോഹൻലാൽ സ്വന്തമാക്കിയിരിക്കുന്നതെന്ന് ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മലയാളസിനിമയുടെ ചരിത്രത്തിലെ സുവർണ നേട്ടമാണ് ഇതെന്നും, ശതാബ്ദിയോട് അടുത്ത മലയാള സിനിമയിൽ അരനൂറ്റാണ്ടോളമായി മോഹൻലാൽ നിറഞ്ഞാടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിത്യജീവിതത്തിൽ മോഹൻലാലായി പോവുക മലയാളിക്ക് ശീലം. മോഹൻലാൽ മലയാളിയുടെ അപര വ്യക്തിത്വം. ഇന്നത്തെ യുവനടന്മാർ ഒരു വർഷത്തിൽ ചെയ്യുന്നത് മൂന്നോ നാലോ സിനിമകളിൽ മാത്രം അഭിനയിക്കുന്നു, മോഹൻലാൽ 34 സിനിമയിൽ വരെ ഒരു വർഷം അഭിനയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മോഹൻലാലിലൂടെ മലയാളം വാനോളം ഉയർന്നുവെന്നും, കേരളം ഒന്നടങ്കം ലാൽ സലാം പറയുന്നുവെന്ന് സാംസ്കാരികമന്ത്രി സജി ചെറിയാനും പരാമർശിച്ചു. ഭരത് മോഹന്‍ലാലിലൂടെ വാനോളമാണ് മലയാളം ഉയര്‍ന്നത്. അതുകൊണ്ടാണ് സിനിമക്കുള്ള സമഗ്ര സംഭാവനക്ക് രാജ്യത്തെ പരമോന്നത ബഹുമതിയായ ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് നേടിയ മോഹന്‍ലാലിനോട് കേരളം ഒന്നടങ്കം ലാല്‍സലാം എന്ന് പറയുന്നതെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.
Kerala
ന്യൂഡൽഹി: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ ഉടൻ സ്ഥിരം വൈസ് ചാൻസലർമാരെ നിയമിക്കണമെന്ന് സുപ്രീംകോടതി. അതുവരെ താൽക്കാലിക വിസിമാർക്ക് തുടരാമെന്നും കോടതി വ്യക്തമാക്കി. വിസി നിയമനത്തിനായി ഗവർണർക്ക് വിജ്ഞാപനം ഇറക്കാം. വിസി നിയമനത്തില്‍ രാഷ്ട്രീയം കലർത്തരുതെന്നും സർക്കാറും ഗവർണറും യോജിച്ച് പ്രവർത്തിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.
തർക്കങ്ങളിൽ അനുഭവിക്കുന്നത് വിദ്യാർഥികളാണ്. വിസിമാരില്ലാതെ എങ്ങനെ സർവകലാശാല മുന്നോട്ടു പോകും. വിദ്യാഭ്യാസ വിഷയങ്ങൾ കോടതിയിലെത്തുന്നത് വേദനാജനകമാണ്. ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുളള തർക്കത്തിൽ സർവകലാശാലകളുടെ പ്രവർത്തനം സതംഭനാവസ്ഥയിലാകരുതെന്നും സുപ്രീം കോടതി പറഞ്ഞു.
കേരള സാങ്കേതിക സർവകലാശാലയിലെയും ഡിജിറ്റൽ സർവകലാശാലയിലെയും താത്കാലിക വിസി നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യംചെയ്ത് ചാൻസലറായ ഗവർണർ നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ സുപ്രധാനമായ നിരീക്ഷണം.
താത്കാലിക വിസിക്ക് കാലാവധി ആറുമാസം മാത്രമെന്ന് കേരളം പറഞ്ഞു. വിസി ഓഫീസ് ഒഴിഞ്ഞ് കിടക്കുവാണോ എന്ന് കോടതി ചോദിച്ചു. വിസി നിയമനത്തിനായി ചാൻസലർ സർക്കാരുമായി കൂടിയാലോചിക്കണമെന്നും കോടതി പറഞ്ഞു.
മുമ്പ് താത്കാലിക വൈസ് ചാൻസലർമാരായിരുന്ന സിസ തോമസിനെയും ശിവപ്രസാദിനെയും വീണ്ടും താത്കാലിക വൈസ് ചാൻസലറായി നിയമിച്ച് ചാൻസലർക്ക് ഉത്തരവിറക്കാമെന്നും ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ഗവർണർക്കുവേണ്ടി അറ്റോർണി ജനറൽ ആർ. വെങ്കിട്ട രമണ, അഭിഭാഷകൻ ടി.ആർ. വെങ്കിട്ട സുബ്രഹ്മണ്യം എന്നിവർ ഹാജരായി. സംസ്ഥാന സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത, സ്റ്റാൻഡിംഗ് കോൺസൽ സി.കെ. ശശി എന്നിവരാണ് ഹാജരായത്.
Kerala
തിരുവനന്തപുരം: ജൂലൈ ഒന്നിന് തുടങ്ങുന്ന ഫയൽ അദാലത്തിനു മുൻപ് വകുപ്പുതല ക്രമീകരണം അടിയന്തരമായി പൂർത്തിയാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം. കെട്ടിക്കിടക്കുന്നതും തീർപ്പാക്കേണ്ടതുമായ ഫയലുകളിൽ വേഗം തീരുമാനമെടുക്കാൻ നടത്തുന്ന അദാലത്തുമായി ബന്ധപ്പെട്ടുള്ള വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശം.
ഉദ്യോഗസ്ഥർക്കുള്ള ഡെലിഗേഷനും വ്യവസ്ഥകളിലെ ഭേദഗതിയും വരുത്താൻ ചീഫ് സെക്രട്ടറിതലത്തിൽ യോഗം ചേർന്ന് ശിപാർശ നൽകാനും മുഖ്യമന്ത്രി നിർദേശിച്ചു. സെക്രട്ടേറിയറ്റ്, വകുപ്പ് മേധാവിമാർ, ജനങ്ങളുമായി സന്പർക്കമുള്ള സ്ഥാപനങ്ങളിലെ ഫയലുകൾ എന്നിങ്ങനെ മൂന്നു തലങ്ങളിലാണ് ഫയൽ തീർപ്പാക്കുന്നത്.
രണ്ടു മാസം നീളുന്നതാണ് ഫയൽ അദാലത്ത്. മന്ത്രിമാരും മന്ത്രിസഭയും ഇതിന്റെ പുരോഗതി വിലയിരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നടപടികൾ കാര്യക്ഷമമാക്കാൻ ഐടി വകുപ്പുമായി ആലോചിച്ച് പോർട്ടൽ ചീഫ് സെക്രട്ടറി ഏർപ്പെടുത്തണം. യോഗത്തിൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകും വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്തു.
District News
മലപ്പുറം ജില്ലയിലെ താനൂർ തീരദേശ മേഖലയിൽ തീരദേശ ഹൈവേയുടെ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ ബൃഹത്തായ പദ്ധതി നടപ്പിലാക്കുന്നത്. പൂർത്തിയാകുന്നതോടെ ജില്ലയുടെ ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ്വേകാൻ ഈ ഹൈവേ സഹായിക്കും.
തീരദേശ ഹൈവേ യാഥാർത്ഥ്യമാകുന്നതോടെ താനൂർ, പരപ്പനങ്ങാടി, തിരൂർ തുടങ്ങിയ തീരദേശ പട്ടണങ്ങളെ ഇത് ബന്ധിപ്പിക്കും. ഇത് മത്സ്യബന്ധന മേഖലയ്ക്കും പ്രാദേശിക വ്യവസായങ്ങൾക്കും കൂടുതൽ സാധ്യതകൾ തുറന്നു നൽകും. കൂടാതെ, തീരദേശ മേഖലയിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും യാത്രാസമയം ലാഭിക്കാനും സാധിക്കും.
ഈ പദ്ധതി പ്രദേശത്തെ ടൂറിസം വികസനത്തിന് വലിയ സംഭാവന നൽകുമെന്നാണ് പ്രതീക്ഷ. മനോഹരമായ കാഴ്ചകളുള്ള തീരപ്രദേശങ്ങളിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ ഈ ഹൈവേ ഉപകരിക്കും. ഇത് പ്രാദേശിക വരുമാനം വർദ്ധിപ്പിക്കുകയും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.
Leader Page
ഐക്യരാഷ്ട്രസഭ 1989 മുതൽ മദ്യം അടക്കമുള്ള എല്ലാ ലഹരിവസ്തുക്കൾക്കും എതിരേ ലോകരാജ്യങ്ങളുടെ കൂട്ടായ പ്രവർത്തനവും സഹകരണവും ഉറപ്പാക്കുന്നതിനുവേണ്ടി എല്ലാ വർഷവും ജൂണ്‍ 26 ലോക ലഹരിവിരുദ്ധ ദിനമായി ആചരിച്ചുവരുന്നു. ഈ വർഷത്തെ ദിനാചരണത്തിന്റെ പ്രമേയം ‘ചങ്ങലകൾ തകർക്കുക, പ്രതിരോധം, ചികിത്സ, എല്ലാവർക്കും വീണ്ടെടുക്കൽ, ലഹരിപദാർഥങ്ങളെക്കുറിച്ചുള്ള എല്ലാ വസ്തുതകളും വിവരങ്ങളും മനസിലാക്കി പരസ്പരം പങ്കുവയ്ക്കുക, ഈ കൊടിയ വിപത്തിൽനിന്നു മനുഷ്യനെ രക്ഷിക്കുക’ എന്നതാണ്. നമ്മുടെ രാജ്യത്ത് വിവിധ സന്നദ്ധസംഘടനകളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിൽ ഈ ദിനം ആചരിച്ചുവരുന്നുണ്ട്. എന്നാൽ, ലഹരിക്കെതിരേയുള്ള പോരാട്ടം കേവലം ഒരു ദിവസത്തെ ബോധവത്കരണത്തിലും വിദ്യാർഥികൾക്കുവേണ്ടിയുള്ള ചില മത്സരങ്ങളിലും മാത്രമായി ഒതുങ്ങിപ്പോകുന്നതാണ് നമ്മുടെ അനുഭവം.
ലഹരിസാമ്രാജ്യം
ലഹരിക്കെതിരേയുള്ള ഐക്യരാഷ്ട്രസഭയുടെ ഇടപെടലുകൾ ആരംഭിച്ചിട്ട് മൂന്ന് പതിറ്റാണ്ട് പിന്നിട്ടെങ്കിലും മദ്യ-ലഹരി മാഫിയയുടെ സ്വാധീനം ലോകമാസകലം കൂടുതൽ വേഗത്തിൽ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഭരണകൂടങ്ങളെ വെല്ലുവിളിച്ചുകൊണ്ട് രാഷ്ട്രീയ ഉദ്യോഗസ്ഥ-പോലീസ് സംവിധാനങ്ങളുടെ പിന്തുണയോടെ മദ്യ-മയക്കുമരുന്ന് ലോബികളുടെ സാമ്രാജ്യം അനുദിനം ലോകത്തൊട്ടാകെ പടർന്നുപന്തലിച്ചുകൊണ്ടിരിക്കുകയാണ്.
മദ്യം-മയക്കുമരുന്ന് സേവ ആരംഭിക്കുന്നതിനു പലർക്കും പല കാരണങ്ങളുണ്ട്. കിട്ടുന്നതുകൊണ്ട് എന്ന് ചിലർ വിശദീകരിക്കുന്പോൾ, കൂട്ടുകെട്ടിനുവേണ്ടി എന്നോ ആഘോഷങ്ങളിൽ പങ്കുചേരാൻവേണ്ടി മാത്രം എന്നോ ആവും മറ്റു ചിലരുടെ ന്യായീകരണം. ജീവിതത്തിന്റെ വിരസതയും അർഥമില്ലായ്മയും ഒഴിവാക്കാൻവേണ്ടിയും നിസഹായത തോന്നുന്പോഴും കുടിക്കുന്നവരുണ്ട്. മദ്യവും മയക്കുമരുന്നും ശാരീരികമായും മാനസികമായും സാന്പത്തികമായും സാമൂഹികമായും ദോഷങ്ങൾ മാത്രമേ വരുത്തൂ എന്ന സത്യം ഉപയോഗിക്കുന്നവരാരും മനസിലാക്കാൻ ശ്രമിക്കുന്നില്ലന്നുള്ളതാണ് ഖേദകരം.
മദ്യം വന്നത് ബ്രിട്ടനിൽനിന്ന്
ബ്രിട്ടീഷുകാർ ഇവിടെ ആധിപത്യം ഉറപ്പിക്കും മുന്‍പ് ഇന്ത്യക്കാർ പ്രായേണ മദ്യപാന ദുഃശീലം ഇല്ലാത്തവരായിരുന്നു. മദ്യത്തിൽനിന്ന് കിട്ടുന്ന നികുതി ലക്ഷ്യമാക്കി ബ്രിട്ടീഷ് ഭരണകൂടം നിരന്തരമായി മദ്യവ്യാപാരവും മദ്യപാനവും പ്രോത്സാഹിപ്പിച്ചതിന്റെ ഫലമായാണ് നമ്മുടെ രാജ്യത്ത് മദ്യപാനശീലം വേരുറച്ചതെന്ന് സർക്കാർ രേഖകളുടെ പിൻബലത്തോടെ 1930ൽ അമേരിക്കൻ സാമൂഹ്യശാസ്ത്രജ്ഞനായ ജെ.ടി. സണ്‍ഡർലാൻഡ് ‘ഇന്ത്യ അണ്ടർ ബോണ്ടേജ്: ഹേർ റൈറ്റ് റ്റു ഫ്രീഡം’ എന്ന പുസ്തകത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അക്കാലത്ത് ഈ പുസ്തകം ഇന്ത്യയിൽ നിരോധിച്ചിരുന്നു. മദ്യപാനം മൂലം ഇന്ത്യക്കാർക്ക് സാന്പത്തിക, ആരോഗ്യ, സാമൂഹ്യ മണ്ഡലങ്ങളിലുണ്ടായിട്ടുള്ള അധഃപതനത്തെ ഈ ഗ്രന്ഥത്തിൽ സമഗ്രമായി വരച്ചു കാട്ടിയിട്ടുണ്ട്.
1930ൽനിന്ന് 2025ൽ എത്തിയപ്പോൾ ഇന്ത്യയും ഇന്ത്യക്കാരും മദ്യരാക്ഷസന്മാരുടെ കൈകളിൽ അമർന്നുപോയിരിക്കുന്നു എന്നു പറയേണ്ടിവരും. കോവിഡ് മഹാമാരിക്കാലത്തുപോലും മദ്യഷാപ്പുകൾ യഥേഷ്ടം പ്രവർത്തിക്കാൻ അനുവദിച്ച് മനുഷ്യരുടെ ആരോഗ്യവും രോഗപ്രതിരോധശേഷിയും തകർക്കുന്ന മദ്യവ്യാപനം സുഗമമാക്കുന്ന സർക്കാർ നടപടികൾ മദ്യലോബികൾക്ക് ഭരണകൂടങ്ങളിലുള്ള സ്വാധീനത്തിന്റെ ഏറ്റവും വലിയ തെളിവാണ്.
ലോകമാകെ ഇന്ന് ഭീതി ഉളവാക്കും വിധം വർധിച്ചുകൊണ്ടിരിക്കുന്ന മദ്യ-ലഹരി ഉപഭോഗം വലിയൊരു സാമൂഹ്യ വിപത്തായി മാറിയിരിക്കുകയാണ്. തന്മൂലം സമൂഹം, വിശേഷിച്ചും സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന ദുരിതങ്ങൾ വിവരണാതീതമാണ്.
മദ്യ ഉപയോഗം വ്യാപകമാക്കാൻ എല്ലാ സൗകര്യവും ഒരുക്കിയിട്ട് സർക്കാർ ലഹരിവർജനത്തെക്കുറിച്ച് പറയുന്നത് ഏറെ വിചിത്രവും പരിഹാസ്യവുമാണ്. ലോകാരോഗ്യ സംഘടനയുടെ ആഗോള മദ്യനയത്തിന് വിരുദ്ധമാണ് സർക്കാരുകളുടെ മദ്യനയം. ലഭ്യത കുറയ്ക്കുകയാണു മദ്യവ്യാപനം തടയാൻ ആദ്യം സ്വീകരിക്കേണ്ട നടപടി എന്നാണ് അവർ പറഞ്ഞിട്ടുള്ളത്.
ലഹരിയിൽ ഒന്നാമത് കേരളമോ?
മദ്യത്തിന്റെ ജലോത്സവത്തിൽ ഇന്ന് കേരളം ഒന്നാം സ്ഥാനത്താണ്. കേരളത്തിന്റെ ആളോഹരി മദ്യ ഉപഭോഗം 12 ലിറ്റർ ആണ്. ഇന്ത്യയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ലോകത്തിൽ ഏറ്റവും കൂടുതൽ മദ്യാസക്തിയുള്ളവരുടെ ദേശമായി കേരളം മാറിയിരിക്കുന്നു. വീര്യം കുറഞ്ഞ മദ്യത്തിൽനിന്നാണ് ഏതു കുടിയന്മാരുടെയും ആരംഭം. വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിച്ചാൽ കേരളത്തിന്റെ മദ്യപ്രശ്നം തീരുമെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഭരണകർത്താക്കളും ഇതറിയാത്തവരല്ല.
മദ്യശാലകൾ അടച്ചുപൂട്ടിയാൽ രാസലഹരി വസ്തുക്കൾ നാട്ടിലാകെ ഒഴുകും എന്ന വ്യാജപ്രചരണമാണ് പുതിയ ബാറുകളും മദ്യക്കടകളും തുറക്കാനുള്ള ന്യായീകരണമായി സർക്കാർ പറഞ്ഞത്. നൂറുകണക്കിന് ബാറുകളും മദ്യഷാപ്പുകളും തുറന്നിട്ടും മയക്കുമരുന്നു നാട്ടിലാകെ സുലഭമായി കിട്ടുന്ന അവസ്ഥ സർക്കാർ വാദം പൊള്ളയാണെന്ന് തെളിയിച്ചിരിക്കുന്നു.
ഒരു ജനപദത്തെ നശിപ്പിക്കാൻ അവരുടെ ഭാഷയെയും ഭക്ഷണശീലങ്ങളെയും തകർത്താൽ മതിയെന്ന കൊളോണിയൽ കണ്ടെത്തലിന്റെ ഉത്തമ ഉദാഹരണമായി കേരളം മാറിക്കഴിഞ്ഞു. മദ്യപാനത്തെയും മദ്യസംസ്കാരത്തെയും വഴിവിട്ട് പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന സർക്കാർ സമീപനമാണ് കുട്ടികളെയും യുവാക്കളെയും മുതിർന്നവരെയും ഒരുപോലെ മദ്യത്തിനും മയക്കുമരുന്നുകൾക്കും അടിമപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.
ഭീതിപ്പെടുത്തുന്ന മദ്യവ്യാപനം
ദൂരപരിധി കുറച്ച് വിദ്യാലയങ്ങളുടെയും ആരാധനാലയങ്ങളുടെയും മുറ്റത്ത് വരെ മദ്യശാലകൾ തുടങ്ങുന്നു. നാളിതുവരെ മദ്യശാലകൾ ഇല്ലാതിരുന്ന സ്ഥലങ്ങളിലും പുതുതായി തുടങ്ങാൻ അനുമതി നൽകിക്കൊണ്ടിരിക്കുന്നു. നിയമങ്ങൾ ലഘൂകരിക്കപ്പെടുകയോ റദ്ദാക്കപ്പെടുകയോ ചെയ്യുന്നു. പഞ്ചായത്ത്-നഗരപാലികാ നിയമപ്രകാരം മദ്യഷാപ്പുകൾക്ക് അനുമതി നൽകാനുള്ള അവകാശം പഞ്ചായത്തുകളിൽനിന്ന് എടുത്തുമാറ്റിയിരിക്കുന്നു. നാട്ടിൽ കള്ളുചെത്ത് ഇല്ലെങ്കിലും മാരകമായ വിഷവസ്തുക്കൾ ചേർത്ത് നിർമിക്കുന്ന വ്യാജകള്ള് നാടൊട്ടാകെ വിറ്റഴിക്കുന്നത് ഭരണകൂടത്തിന്റെ അറിവോടെയാണ്.
കേരളത്തെ ആര് രക്ഷിക്കും?
മദ്യത്തിലും മയക്കുമരുന്നിലും നാടു മുങ്ങുന്പോൾ വഴിയേ വന്നെത്തുന്ന സാമൂഹികപ്രശ്നങ്ങൾ നിരവധിയാണ്. നൂറുകണക്കിന് ഗാർഹിക-സാമൂഹിക പ്രശ്നങ്ങളുടെ പെറ്റമ്മയും പോറ്റമ്മയും മദ്യവും മയക്കുമരുന്നുമാണെന്ന് നമ്മുടെ സമൂഹം എന്നു തിരിച്ചറിയും?
Editorial
ഒരു കാര്യം ഉറപ്പായി, സർക്കാർ വിചാരിച്ചാൽ മാത്രമേ ഒരു നാടിനെ മദ്യത്തിലും മയക്കുമരുന്നിലും ഇതുപോലെ മുക്കാനാകൂ. അങ്ങനെ ഒരു സർക്കാർ വിചാരിച്ചാൽ നാടിനെ രക്ഷിക്കാനുള്ള മറ്റെല്ലാ ശ്രമങ്ങളും പാഴാകും. കേരളം അത്തരമൊരവസ്ഥയിലാണ്.
അവസരങ്ങൾ വർധിച്ചതോടെ ലഹരിയടിമകളും കുറ്റവാളികളുമായ മനുഷ്യർ തീർത്ത ചെറുനരകങ്ങൾ പെരുകുകയാണ്. ഇതാപത്താണെന്ന് ഒരു ലഹരിയടിമയെ പറഞ്ഞു മനസിലാക്കുന്നതിലും ക്ലേശകരമായിരിക്കുന്നു, സർക്കാരിനെ ബോധ്യപ്പെടുത്താൻ! എങ്കിലും തകർന്നടിയുന്ന ഒരു തലമുറയെ ഓർത്ത് ഈ ലഹരിവിരുദ്ധ ദിനത്തിൽ സർക്കാരിനോട് അഭ്യർഥിക്കുന്നു, തിരുത്തിയാലും.
കഴിഞ്ഞ പുതുവത്സരത്തലേന്നു മാത്രം വിറ്റത് 108 കോടി രൂപയുടെ മദ്യമാണ്. തലേ വർഷത്തെക്കാൾ ഏതാണ്ട് 13 കോടി അധികം. ക്രിസ്മസ് ഉൾപ്പെടുന്ന ഡിസംബർ 22 മുതൽ ഡിസംബർ 31 വരെ 712. 96 കോടി രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞ വർഷത്തേതിലും 15 കോടി അധികം. ഓണക്കാലത്ത് 818.21 കോടിയുടെ മദ്യം വിറ്റു.
ഓരോ കണക്കു വരുന്പോഴും മദ്യവിൽപ്പനയിൽ സ്വന്തം റിക്കാർഡ് തിരുത്തിയ വാർത്ത കേട്ട് സംസ്ഥാനത്തെ ഏക മദ്യവ്യാപാരിയായ സർക്കാർ ഷൈലോക്കിനെപ്പോലെ ചിരിക്കാറുണ്ട്. പക്ഷേ, അതു ചോരക്കാശാണ്; സർക്കാർ പകരം മുറിച്ചെടുത്ത കരളിൽനിന്നും ഹൃദയങ്ങളിൽനിന്നും വാർന്നൊഴികിയത്.
മദ്യവിൽപ്പനയിലെ പുതിയ കണക്കുകൾകൊണ്ടുപോലും കേരളത്തിലെ ലഹരിയുടെ ആഴമളക്കാനാകില്ല. കാരണം, മദ്യപാനത്തേക്കാൾ മാരകമായ മയക്കുമരുന്നിലേക്ക് ചുവടുതെറ്റിയവർ ലക്ഷക്കണക്കിനാണ്. രണ്ടുംകൂടി ചേർത്ത ഒരു കണക്ക് നമുക്കില്ല. വിദ്യാർഥികളും യുവാക്കളും മയക്കുമരുന്നുപയോഗിക്കുന്നതിനെക്കുറിച്ച് പഠനം നടത്തണമെന്ന് ഹൈക്കോടതി കഴിഞ്ഞ മാസമാണ് സർക്കാരിനോട് ആവശ്യപ്പെട്ടത്.
10 വർഷത്തിനുള്ളിൽ എത്ര കേസുകൾ രജിസ്റ്റർചെയ്തു, എന്താണ് പൊതുരീതി, ഏതു മേഖലയിലാണ് മയക്കുമരുന്നുപയോഗം കുടുതൽ, ഏതു പ്രായക്കാരാണ് കൂടുതൽ ഉപയോഗിക്കുന്നത് തുടങ്ങിയ വിവരങ്ങളുൾപ്പെടുത്തിയുള്ള പഠനം അനിവാര്യമാണെന്ന് ചീഫ് ജസ്റ്റീസ് നിതിൻ ജാംദാർ, ജസ്റ്റീസ് സി. ജയചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.
മാർച്ച് 12ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യസഭയിൽ സമർപ്പിച്ച രേഖകളനുസരിച്ച്, 2024ൽ പഞ്ചാബിൽ 9,025 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ കേരളത്തിൽ 27,701 കേസുകൾ. പഞ്ചാബിലേതിന്റെ മൂന്നിരട്ടി! പഞ്ചാബിൽ പകുതി കേസുകൾപോലും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന സർക്കാർ വാദം സമ്മതിച്ചാൽപോലും കേരളം കുതിക്കുകയാണ്.
പഞ്ചാബിൽ മാത്രമല്ല, കേരളത്തിലും മുഴുവൻ കേസുകളും പിടിക്കപ്പെടുന്നില്ലെന്നതും മറക്കരുത്. സംസ്ഥാന എക്സൈസ് വകുപ്പ് എൻഡിപിഎസ് ആക്ട് പ്രകാരം 2016ൽ രജിസ്റ്റർ ചെയ്തത് 2,985 കേസുകളായിരുന്നെങ്കിൽ 2024ൽ ഇത് 8,160 ആയി ഉയർന്നു.
മാതാപിതാക്കളെയും സഹോദരങ്ങളെയും പോലീസുകാരെയും ഉൾപ്പെടെ നിരവധിപ്പേരെ മയക്കുമരുന്നടിമകൾ സംസ്ഥാനത്ത് കൊന്നു തള്ളി. അക്രമങ്ങൾ, മാനഭംഗങ്ങൾ, വീടുകയറി ആക്രമണങ്ങൾ... കൗമാരക്കാരിലെ അക്രമോത്സുകതയും വർധിക്കുകയാണ്. പോലീസിനും ഭയം.
പെൺകുട്ടികൾ മയക്കുമരുന്നടിമകളും വിതരണക്കാരുമായി. കുടുംബങ്ങളിലെയും നാട്ടിലെയും സമാധാനം കെട്ടു. ലഹരിയിൽ വാതിൽ തുറന്നെത്തുന്ന മക്കൾക്കും സഹോദരന്മാർക്കും മുന്നിൽ അമ്മമാരും സഹോദരിമാരും ഭയന്നുവിറയ്ക്കുകയാണ്. മുന്‍പെന്നത്തേക്കാളുമധികം മയക്കുമരുന്നുവേട്ട നടക്കുന്നുണ്ട്. പക്ഷേ, എവിടെയും സുലഭം.
പുതിയ ചില അവതാരങ്ങൾ വേഷംകെട്ടിയാടുന്നത് സമൂഹമാധ്യമങ്ങളിലാണ്. എളുപ്പത്തിൽ കൈയടിയും ലൈക്കും വാങ്ങാൻ സമൂഹ-കുടുംബ ഘടനകളെ തകർക്കുന്ന ഈ സമൂഹമാധ്യമ പണ്ഡിതരുടെ കണ്ടെത്തൽ മദ്യവും കഞ്ചാവും എംഡിഎംഎയും നിയമവിധേയമാക്കണമെന്നാണ്.
നാലും നാലു വഴിക്കായ സ്വന്തം കുടുംബങ്ങളുടെ അവസ്ഥയാണ് മറ്റെല്ലാ കുടുംബങ്ങളിലുമെന്നു തെറ്റിദ്ധരിപ്പിക്കുന്ന ഈ എന്പുരാന്മാർ സൃഷ്ടിക്കാൻ ശ്രമിക്കുന്ന സമൂഹ-കുടുംബവിരുദ്ധ പൊതുബോധം, തികഞ്ഞ അരാജകത്വമാണെന്നു സർക്കാർ തിരിച്ചറിയണം. അവർക്കിനിയൊന്നും നഷ്ടപ്പെടാനില്ല.
സർക്കാർ വിദ്യാരംഭത്തിൽ നടത്തിയ, ഒരു മണിക്കൂർ ലഹരിവിരുദ്ധ ബോധവത്കരണം നല്ല തുടക്കമാണെങ്കിലും കാര്യമായ പ്രയോജനമൊന്നുമില്ലെന്നു തിരിച്ചറിഞ്ഞ് തുടർ ബോധവത്കരണം നൽകണം. കഴിഞ്ഞ ഏപ്രിലിൽ 138-ാം പിറന്നാൾദിനത്തിൽ ‘കിക് ഔട്ട്’ എന്ന പേരിൽ ദീപിക തുടങ്ങിയ ഒരു വർഷത്തെ ലഹരിവിരുദ്ധ പോരാട്ടം തുടരുകയാണ്.
സർക്കാർ ഒപ്പമുണ്ടാകണം. വീര്യം കുറഞ്ഞ കൂടുതൽ മദ്യമിറക്കിയും കുടുതൽ മദ്യനിർമാണശാലകളുണ്ടാക്കിയും ത്രീ സ്റ്റാറിനു മുകളിലുള്ള ഹോട്ടലുകളിലും റസ്റ്ററന്റുകളിലുമൊക്കെ കള്ള് ലഭ്യമാക്കിയും മദ്യസൗഹൃദ കുടുംബങ്ങളെ സൃഷ്ടിച്ചുമല്ല; മയക്കുമരുന്നിന്റെ മൊത്തവ്യാപാരികളെ കുടുക്കിയും മദ്യലഭ്യത കുറച്ചുമേ നമുക്കീ നരകത്തിൽനിന്നു കരകയറാനാകൂ.
സർക്കാർ ഇന്നു നടത്തുന്ന ലഹരിവിരുദ്ധ പ്രചാരണങ്ങൾ തുടരട്ടെ. പക്ഷേ, നിങ്ങൾ ആ സ്പിരിറ്റു കന്നാസുകൾകൂടി വലിച്ചെറിഞ്ഞിരുന്നെങ്കിൽ! ലഹരിയിരകളുടെ ചോര കൈയിൽനിന്നു കഴുകിക്കളഞ്ഞിരുന്നെങ്കിൽ!
Health
മാനസികാരോഗ്യ പ്രശ്നങ്ങൾ വർധഇച്ചുവരുന്ന സാഹചര്യത്തിൽ കേരള സർക്കാർ ഈ മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പൊതുജനങ്ങളിൽ മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനും മാനസികാരോഗ്യ സേവനങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനും പുതിയ പദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ട്.
സ്കൂൾ തലങ്ങളിൽ കൗൺസിലിംഗ് സേവനങ്ങൾ വ്യാപിപ്പിക്കുക, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ മാനസികാരോഗ്യ ക്ലിനിക്കുകൾ ആരംഭിക്കുക, മാനസികാരോഗ്യ വിദഗ്ധരുടെ എണ്ണം വർധിപ്പിക്കുക തുടങ്ങിയവ ഇതിൽപ്പെടുന്നു.
മാനസികാരോഗ്യം ഒരു പ്രധാന ആരോഗ്യ വിഷയമായി കണ്ട് സമൂഹത്തിന്റെ പിന്തുണയോടെ മുന്നോട്ട് പോകാനാണ് ലക്ഷ്യമിടുന്നത്.